പാരിസ്: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപനം നടത്തിയത്.
സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ പറഞ്ഞു.
പലസ്തീൻ- ഇസ്രയേൽ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന അജൻഡയിൽ ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായാണ് ഫ്രാൻസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതായി ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസും പിന്തുണയുമായി രംഗത്ത് എത്തിയത്.